ബഡ് ജറ്റ് 2025-26

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബഡ്ജറ്റാണ് നിങ്ങളുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നത്. ഈ ഭരണസമിതിയുടെ അവസാനത്തെ ബഡ്ജറ്റാണിത്. കോവിഡിന്റെ പ്രയാസ കാലത്ത് 2020 ഡിസംബർ 20ന് ചുമതല ഏറ്റ ഈ ഭരണസമിതിയിൽ മിക്കവരും മുൻകാല പരിചയങ്ങൾ ഒന്നുമില്ലാതെ അംഗങ്ങളായിരുന്നു. എന്നാലും എല്ലാ പ്രതികൂല സാഹചര്യങ്ങളിലും തരണം ചെയ്ത് പഞ്ചായത്തിന്റെ വികസന കാര്യത്തിൽ വലിയ സഹായകരമായ പിന്തുണയാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ അവതരിപ്പിച്ച അഞ്ചു ബഡ്ജറ്റുകളിലും ഊന്നൽ നൽകിയത് “വികസനവും ക്ഷേമവും കരുതലും” എന്ന ഉറച്ച നിലപാടാണ്. ജന പക്ഷത്തു നിന്നുകൊണ്ട് സമസ്ത മേഖലകളിലും സ്പർശിച്ചുകൊണ്ടുള്ള പദ്ധതികളും സംസ്ഥാനത്ത് തന്നെ മാതൃകയായ നൂതന പദ്ധതികളായ കായിക സാക്ഷരത, നീന്തൽ പരിശീലനം, വയോജന ഉല്ലാസ വിമാനയാത്ര തുടങ്ങിയവയും ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കി. ചെറുകിട കുടിവെള്ള പദ്ധതികളുടെ മോട്ടോർ മാറ്റി സ്ഥാപിക്കൽ, അങ്കണവാടികൾക്ക് കുടിവെള്ളമെത്തിക്കൽ എന്നിവയും നടന്നു കഴിഞ്ഞു. ഈ വർഷം മുഴുവൻ അങ്കണവാടികളും ക്രാഡിൽ സിസ്റ്റത്തിലേക്ക് ഉയർത്തപ്പെടുകയാണ്.

          ലൈവ് ഭവന പദ്ധതിയിൽ എഗ്രിമെന്റ് വെച്ച മുഴുവൻ ഗുണഭോക്താക്കൾക്കും ധനസഹായം ലഭ്യമാക്കാനും ദൂരഹിത ഭവന രഹിതർക്ക് ഭൂമി ലഭ്യമാക്കാനും കൃഷിക്കും സാമൂഹ്യ ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയുന്നതിനും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ ഒരു കാര്യം കൂടി പ്രത്യേകം സൂചിപ്പിക്കുന്നത് ഈ ഭരണസമിതിയുടെ അഞ്ചാം വാർഷികാഘോഷത്തിന്റെ തുടക്കം ബഹു.മലപ്പുറം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ നിർവഹിക്കുക ഉണ്ടായി എന്നതും, 2025 ആഗസ്റ്റ് മാസം വരെയുള്ള കാലയളവിൽ പൂർത്തിയാകുന്ന 100 ഇന കർമ്മ പരിപാടികൾ നടത്താൻ നാം തീരുമാനിച്ചു എന്നതുമാണ്. അതിൽ ഏതാനും പദ്ധതികൾ ഇതിനകം തന്നെ നടന്നു കഴിഞ്ഞു.   

          ജനപക്ഷ വികസന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിച്ചുകൊണ്ട് 48.46 കോടി വരവും 47.63 കോടി ചെലവും 83.26 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ നിങ്ങളുടെ ചർച്ചകൾക്കും അംഗീകാരത്തിനുമായി ഇവിടെ സമർപ്പിച്ചു കൊള്ളുന്നു. ഈ ബഡ്ജറ്റ് തയ്യാറാക്കാൻ സഹായിച്ച ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കും മറ്റ് ഉദ്യോഗസ്ഥന്മാർക്കും ഉള്ള നന്ദിയും അറിയിക്കുന്നു.

     

        മുൻ വർഷങ്ങളിൽ അവതരിപ്പിച്ച നാലു ബഡ്ജറ്റുകളും ഊന്നൽ നൽകിയിട്ടുള്ളത് വികസനവും ക്ഷേമവും ലക്ഷ്യമാക്കിയ പ്രവർത്തനങ്ങൾക്കാണ്. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നതിനു ശേഷം രണ്ട് ഘട്ടങ്ങളിലായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചുമതല വഹിക്കാൻ കഴിയുകയും ഇതോടെ 10 ബഡ്ജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു എന്നത് ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതുകതാണ്. 73,74 ഭരണഘടന ഭേദഗതിയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽ വരികയും കൂടുതൽ അധികാരവും ഫണ്ടും ലഭ്യമാക്കുകയും ചെയ്തു. കേരളത്തിൽ നടപ്പാക്കിയ വികേന്ദ്രീകൃത ആസൂത്രണം എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുകയും നാടിന്റെ വികസനം താഴെ തട്ടിൽ നിന്ന് തന്നെ സാധ്യമാക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടങ്ങൾ സർക്കാർ മാർഗ്ഗരേഖ പ്രകാരവും നൂതനവുമായ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ചും പദ്ധതികൾ തയ്യാറാക്കി.

          ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പോയ വർഷങ്ങളിൽ ഈ ഭരണസമിതി എല്ലാ മേഖലകളും സ്പർശിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുണ്ട് എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാൻ ഇല്ലതാനും " ഗാന്ധിജിയുടെ ഈ മഹത് വചനം എല്ലാ കാലത്തും പ്രസക്തമാണ്.

          അടുത്ത വർഷത്തേക്കുള്ള സാമ്പത്തിക പ്രതീക്ഷിത വരവ് ചെലവുകൾ വിശദമാക്കുന്നതിനു മുൻപ് മുൻ വർഷങ്ങളിലെ പദ്ധതി പ്രവർത്തനങ്ങളിൽ ചിലത് ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഏറ്റെടുത്ത നൂതന പദ്ധതികളായ കായിക സാക്ഷരത, നീന്തൽ പരിശീലനം, സാമൂഹ്യ ക്ഷേമ മേഖലയിൽ വയോജനങ്ങളുടെ ഉല്ലാസ വിമാനയാത്ര കേരളത്തിൽ ഒരു പഞ്ചായത്തും നടപ്പാക്കാത്തതാണ്. കാർഷിക രംഗത്ത് പച്ചക്കറി വികസനത്തിന് വീടുകൾക്ക് നൽകിയ മൺചട്ടി, അഗതികളായ വനിതകളുടെ ഉല്ലാസയാത്ര, വനിതകൾക്ക് യോഗ പരിശീലനം, ഡ്രൈവിംഗ്, സ്കൂട്ടർ വിതരണം, ഭിന്നശേഷിക്കാർക്ക് നൽകിയ ഇലക്ട്രിക് വീൽചെയർ, തനത് വർഷം ഉദ്ദേശിച്ചിട്ടുള്ള വനിതകൾക്ക് ഓപ്പൺ ജിം, 10 അംഗണവാടികൾ ക്രാഡിൽ ആയി ഉയർത്തിയത്, 3 അങ്കണവാടികൾക്ക് പുതിയ കെട്ടിടം നിർമ്മിച്ചത് തുടങ്ങി താഴെ പറയുന്ന 

          ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം, ബഡ്സ് സ്കൂൾ കം തെറാപ്പി സെന്റർ നിർമ്മാണം, അങ്കണവാടികൾക്ക് കുടിവെള്ളവും വൈദ്യുതിയും എത്തിക്കൽ, എം.സി.എഫി ന് സൗകര്യം ഒരുക്കൽ, രണ്ട് വാഹനങ്ങൾ ലഭ്യമാക്കിയത്, പരിരക്ഷയ്ക്ക് രണ്ടു വാഹനങ്ങൾ, ഫ്രണ്ട് ഓഫീസ് നവീകരണം, കൃഷിഭവൻ, മൃഗാശുപത്രി നവീകരണം, FHC യ്ക്ക് വൈദ്യുതി സൗകര്യങ്ങൾ, കുടിവെള്ളം എത്തിക്കൽ, യൂനാനിക്ക് സ്വന്തമായി കെട്ടിടം പണി ആരംഭിക്കൽ. പശ്ചാത്തല മേഖലയിൽ കൊണ്ടു വന്ന മാറ്റങ്ങൾ ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും വീട് നിർമ്മാണത്തിനുള്ള ആദ്യഘട്ട സഹായങ്ങൾ നൽകൽ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പ്രവർത്തനങ്ങൾ അഞ്ചാം വർഷം പൂർത്തിയാക്കുന്ന ഈ കാലയളവിൽ നടപ്പാക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം ഉണ്ടാക്കുന്നതാണ്. ഈ വർഷം പുല്ലിപ്പുഴ സർവ്വേ നടപടികൾക്കായി പഞ്ചായത്ത് നേരിട്ട് പ്രൊജക്ട് വെച്ചിരിക്കുകയാണ്.

           എന്നാൽ ചില പ്രധാന പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. 2023-24 വർഷം സ്പോർട്സ് ഹബിന് ഒരു കോടി രൂപ ബഡ്ജറ്റിൽ മാറ്റിവെച്ചെങ്കിലും സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ ആ പദ്ധതിക്കും ലക്ഷ്യം കണ്ടില്ല. കൂടാതെ വീർപ്പുമുട്ടി കഴിയുന്ന പഞ്ചായത്ത് ഓഫീസിന് സൗകര്യങ്ങളോട് കൂടിയ ഒരു പുതിയ കെട്ടിടം പണിയാൻ വേണ്ടി DPR ന് ഫണ്ട് വകയിരുത്തിയിരുന്നു. അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. വീട് റിപ്പയറിങ് ധാരാളം ഗുണഭോക്താക്കൾ ഉണ്ടെങ്കിലും കുറഞ്ഞ ആളുകളെ മാത്രമേ പരിഗണിക്കാൻ സാധിച്ചിട്ടുള്ളൂ.

          ഈ ഭരണസമിതിയുടെ അഞ്ചാം വാർഷിക പദ്ധതിയിൽ നടപ്പാക്കാൻ സാധ്യമാക്കുന്ന പ്രധാന പ്രോജക്റ്റുകൾക്ക് ഊന്നൽ നൽകിക്കൊണ്ട് എല്ലാ മേഖലക്കും പ്രാമുഖ്യം നൽകിക്കൊണ്ടുള്ള 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. 2020-25 ഭരണസമിതിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി 100 ഇന കർമ്മ പരിപാടികൾ നടപ്പിലാക്കി വരികയാണ്. 

 

ഉൽപാദന മേഖല

8769440/-

സേവനമേഖല  

87634428/-

പാശ്ചാത്ത മേഖല 

168086700/-(JJM-7.59  കോടി+MG+CFC+Own Fund)

പട്ടികജാതി വികസന മേഖല  

7359000/-

 

 

ബഡ്ജറ്റ് വിശദാംശങ്ങൾ

          കൃഷി മൃഗസംരക്ഷണം : കൃഷിക്ക് സംഭവിച്ചിട്ടുള്ള പിന്നോട്ട് പോക്കിനെ തടയാനും ഉൽപാദനക്ഷമമായ പദ്ധതികൾ ഏറ്റെടുക്കാനും ശ്രമിക്കേണ്ടതുണ്ട്. പച്ചക്കറി കൃഷിക്ക് 7.5 ലക്ഷം,  നെൽക്കൃഷി പ്രോത്സാഹനം 3 ലക്ഷം, ആട് ഗ്രാമം 2.5 ലക്ഷം, കന്നുകാലി-കോഴി വളർത്തൽ 28 ലക്ഷം, പൊതു കുളങ്ങളുടെ സംരക്ഷണം 5 ലക്ഷം, പച്ചക്കറി കൃഷിയ്ക്ക് മൺചട്ടി 2 ലക്ഷം, കവുങ്ങ് കൃഷി പ്രോത്സാഹനം 3.9 ലക്ഷം, ഇടവിള കൃഷി 3 ലക്ഷം, തെങ്ങിന്റെ തല വൃത്തിയാക്കൽ 2.5 ലക്ഷം, അഗ്രോ ഫാർമസി 3 ലക്ഷം.  കൗലിഫ്റ്റർ 1 ലക്ഷം, കിടാരി വളർത്തു 4 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി 4 ലക്ഷം,  തെരുവ് നായ വാക്സിനേഷൻ 30000/-,  കറവപ്പശു കാലിത്തീറ്റ 15 ലക്ഷം എന്നിങ്ങനെ വകയിരത്തലുകൾ നടത്തുന്നു. പ്രകൃതി ക്ഷോപം മൂലം വ്യാപകമായ തോതിൽ എല്ലാവർഷവും വിളനാശം സംഭവിച്ചു വരികയാണ്. ഇതിനായി ഇൻഷുറൻസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പദ്ധതി ആലോചിക്കും. കാട്ടുമൃഗങ്ങളുടെ ശല്യവും വിളനാശം വരുത്തുന്നതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ട പ്രശ്നമായതിനാൽ കാര്യമായ ശ്രദ്ധ ചെലുത്തും.പേ വിഷബാധയേറ്റ് ചത്ത കന്നുകാലികളുടെ കർഷകർക്ക് സർക്കാർ അനുമതി ലഭിച്ചാൽ ധനസഹായം ലഭ്യമാക്കും. അതുപോലെ അവരുടെ ചികിത്സ ചിലവ് ഉൾപ്പെടെ വഹിക്കാൻ സർക്കാർ ഉത്തരവ് ലഭ്യമാക്കുന്ന കാര്യം പരിശോധിക്കും.

 

സേവനമേഖല 

അങ്കണവാടികൾ-ശിശുക്ഷേമം : നിലവിൽ കെട്ടിടമുള്ള 14 അങ്കണവാടികളും ക്രാഡിൽ സിസ്റ്റത്തിലേക്ക് കൊണ്ടുവരും. 4.95ലക്ഷം നീക്കി വെക്കുന്നുണ്ട്. കൂടാതെ അങ്കണവാടികളുടെ പ്രവർത്തനത്തിന് വേണ്ടി 18.50 ലക്ഷം. അനുപൂരക പോഷകാഹാരം 60 ലക്ഷം വകയിരുത്തി. ഈ വർഷം നടപ്പാക്കുന്ന ഒരു പുതിയ പ്രോജക്ട് ആണ് അങ്കണവാടി കുട്ടികൾക്ക് യൂണിഫോം വിതരണം. ഇതിനായി 1.5 ലക്ഷം രൂപ വകയിരുത്തി.  അംഗനവാടി കലോത്സവം ഉൾപ്പെടുത്തിയിട്ടുണ്ട്.

 

വനിതാക്ഷേമം: സ്വയംതൊഴിൽ നടത്തി ഉപജീവനം നടത്തുന്ന വനിതകൾക്ക് ഇരുചക്രവാഹനം നൽകൽ 3.5 ലക്ഷം,  വിധവകൾക്ക് ഉല്ലാസയാത്ര 2ലക്ഷം, വനിതകൾക്ക് നീന്തൽ പരിശീലനം 5 ലക്ഷം, വനിതകൾക്ക് യോഗ പരിശീലനം 1.5 ലക്ഷം,  ജാഗ്രത സമിതി 25000/-, മിശ്രവിവാഹിതർക്ക് ധനസഹായം 2.25 ലക്ഷം നീക്കിവെച്ചു. പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം പദ്ധതിയിൽ ഉൾപ്പെടുത്തും. ജീഗ്രതാ സമിതികൾ ശക്തിപ്പെടുത്താൻ 25000/- നീക്കി വെച്ചു.

 

കുടുംബശ്രീ : വിവിധ പരിപാടികൾക്ക് 5 ലക്ഷം രൂപ മാറ്റിവെച്ചു. പൾസ് കുടുംബശ്രീ ജില്ലാതല ബഡ്സ് ഡൊനേഷൻ പരിപാടി,  ഹൃദ്യ പാലിയേറ്റീവ് കെയർ പരിശീലനം, ജന്റർ റിസോഴ്സ് സെന്റർ തുടൃർ പ്രവർത്തനങ്ങൾ, കുടുംബശ്രീ വിജിലൻസ് ഗ്രൂപ്പ് രൂപീകരണം, കുടുംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറി കൃഷി എന്നിവ ഉൾപ്പെടുത്തി. പഞ്ചായത്തിൽ 300 NHG കൾ  പ്രവർത്തിച്ചു വരുന്നുണ്ട്. ഹോം ഷോപ്പ്, നാനോ ഷോപ്പ്, സ്വയം തൊഴിൽ യൂണിറ്റുകൾ എന്നിവ നിലവിലുണ്ട്. ക്ലിക്ക് –കമ്യൂണിറ്റി ലൈഫ്  ഇപ്രൂവ്മെന്റ്  16000/- നീക്കി വെച്ചു.

 

ലൈഫ് ഭവന പദ്ധതി: സ്വന്തമായി ഭൂമിമുള്ള എല്ലാവർക്കും ലൈഫ് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. 2025-26 വർഷത്തിൽ എല്ലാ ഗുണഭോക്താക്കൾക്കും മുഴുവൻ ധനസഹായവും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വികസന ഫണ്ട് ഇനത്തിൽ 95.5 ലക്ഷവും വായ്പ ഇനത്തിൽ 84 ലക്ഷവും ബ്ലോക്ക്-ജില്ലാ വിഹിതമായി 20 ലക്ഷം രൂപവും ഉൾപ്പെടെ ആകെ രണ്ട് കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഭൂരഹിത ഭവനഹിതർക്കായി 14 ലക്ഷം വിവിധ ഇനം ഫണ്ടിൽ നിന്നും നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിനായി എസ്.സി വിഭാഗത്തിന്റെ വീട് പണി പൂർത്തീകരണത്തിനായി വികസന ഫണ്ട് 40 ലക്ഷവും മറ്റു വിവിധ സ്കീമുകളിൽ നിന്നായി 82 ലക്ഷവും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി 92 ലക്ഷവും പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ എസ്.സി വിഭാഗത്തിലെ മുഴുവൻ വിഹിതവും ലൈഫ് പദ്ധതിയിലേക്ക് നീക്കി വെക്കേണ്ടി വന്നിരിക്കുകയാണ്.

 

വീട് പുനരുദ്ധാരണം: റിപ്പയർ ആവശ്യമുള്ള ധാരാളം വീടുകൾ നമ്മുടെ പഞ്ചായത്തിലുണ്ട്. മുൻ വർഷങ്ങളിലായി എസ്.സി വിഭാഗം ഉൾപ്പെടെ മുന്നൂറോളം വീടുകൾ വാസയോഗ്യമാക്കിയിട്ടുണ്ട്. ഇനിയും അനേകം ഭവനങ്ങൾ ജീർണ്ണാവസ്ഥയിലാണ്. എന്നതിനാൽ ലഭ്യമായതിൽ 45 ലക്ഷം രൂപ ഈ ഇനത്തിൽ മാറ്റിവെച്ചു.

 

പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയിൽ : കാൽ നൂറ്റാണ്ടിലേറെ കാലപ്പഴക്കം വന്നതും തീരെ സൗകര്യമില്ലാത്തതുമായ ഒന്നാണ് നമ്മുടെ പഞ്ചായത്ത് ഓഫീസ് കെട്ടിടം. AE, MGNREGS, കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്റർ എല്ലാം ഈ പരിമിത സൗകര്യത്തിലാണ് പ്രവർത്തിക്കുന്നത്. തനത് വർഷത്തിൽ DPR  തയ്യാറാക്കാൻ പദ്ധതി വെച്ചതാണ്. പുതുക്കിപ്പണിയുന്നതിനുള്ള പ്രാഥമിക പ്രവർത്തനത്തിനായി രണ്ടുകോടി രൂപ നീക്കി വെച്ചിട്ടുണ്ട്.

 

അംഗനവാടി കെട്ടിടങ്ങൾ: മുൻ വാർഷിക പദ്ധതിയിൽ മൂന്ന് അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടിമുഴിക്കൽ, തേനേരിപ്പാറ അംഗനവാടികൾ നിർമ്മിക്കേണ്ടതുണ്ട്. തേനേരിപ്പാറ അംഗനവാടിക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് കൂടി ഉപയോഗപ്പെടുത്തുന്നുണ്ട്. ആകെ 16ലക്ഷം രൂപ ഇതിനായി വകയിരുത്തുന്നു.

 

ആരോഗ്യം: യൂനാനി ആശുപത്രി കെട്ടിട നിർമ്മാണം നടന്നു വരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട് വകയിരുത്തി. ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണം മുൻ പദ്ധതിയിൽ ചെയ്യാൻ സാധിച്ചു. FHC യ്ക്ക്  MLA യുടെ ആസ്തി വികസന ഫണ്ട് 5.5 കോടി വകയിരുത്തിയ പ്രവർത്തി നടക്കാൻ പോകുന്നു. ആയുർവേദ ആശുപത്രി മരുന്നു വാങ്ങാൻ 17 ലക്ഷവും, യൂനാനിക്ക് 10 ലക്ഷവും, ഹോമിയോ 2 ലക്ഷവും, FHC യ്ക്ക് 10 ലക്ഷവും നീക്കിവെച്ചു കഴിഞ്ഞവർഷം തുടങ്ങിയ വയോധികൾക്കുള്ള വയോസ്വാസ്ഥ്യം-ആരോഗ്യ പരിരക്ഷ 2 ലക്ഷവും FHC യിലെ താൽക്കാലിക ജോലിക്കാർക്ക് വേതനം 10 ലക്ഷം, ആർദ്രം മിഷൻ 1 ലക്ഷവും, പരിരക്ഷ 10 ലക്ഷം, പ്രതിരോധ ചികിത്സ 1 ലക്ഷം, അതിദരിദ്രർക്ക് മരുന്നുവാങ്ങൽ 50,000/-,  പകർച്ചവ്യാധി നിയന്ത്രണം 1.5 ലക്ഷവും, ഓഫീസ് ആവർത്തന ചെലവുകൾക്ക് 19.80 ലക്ഷം മാറ്റിവെച്ചു. ക്യാൻസർ ജീവിതശൈലി രോഗ നിയന്ത്രണം ഒരു ലക്ഷം ,പരിരക്ഷയ്ക്ക് സ്വന്തമായി രണ്ടു വാഹനങ്ങൾ ലഭ്യമായി, ഡിസ്പെൻസറി വൈദ്യുതീകരണം 5 ലക്ഷം. വിമുക്തി –ലഹരി മുക്ത ഗ്രാമം പരിപാടിയ്ക്ക് 1 ലക്ഷം. 

 

കുടിവെള്ളം:  കുടിവെള്ള പ്രശ്നം രൂക്ഷമായി വരുന്ന സാഹചര്യമാണ് ഉള്ളത്. ജലനിധി പദ്ധതിയിൽ വെള്ളം ലഭ്യമാക്കണമെങ്കിൽ ദേശീയപാത വികസനം പൂർത്തിയാക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. 16 ചെറുകിട കുടിവെള്ള പദ്ധതികൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ചെറിയ ഒരു ആശ്വാസം നൽകുന്നു എന്ന് മാത്രം. JJM പാതിവഴിയിലാണ്, 2026 ൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷയാണുള്ളത്. മുൻ വാർഷിക പദ്ധതിയിൽ ശുചിത്വ കിണറാക്കി മാറ്റുന്നതിന് വേണ്ടി 200 ഗുണഭോക്താക്കൾക്ക് ധനസഹായം നൽകാൻ സാധിച്ചു. ഈ വർഷം 15.8 ലക്ഷം ഈ മേഖലയിൽ വകയിരുത്തി. വരൾച്ചാ ദുരിതാശ്വാസ കാലത്ത് കുടിവെള്ളം വിതരണത്തിനായി 11 ലക്ഷം നീക്കിവെച്ചു. കൂടാതെ MGNREGS ൽ കിണർ റീചാർജ് ചെയ്യാനും ജലസ്രോതസ്സുകൾ നിർമിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

 

ക്ലീൻ ചേലേമ്പ്ര-മാലിന്യ മുക്ത നവകേരളം : ശുചിത്വ സുന്ദര ഗ്രാമം ലക്ഷ്യംവെച്ച് ഒട്ടനവധി കർമ്മ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ തുടർച്ചയായി ശുചിത്വ സന്ദേശ യാത്രകൾ പ്രത്യേക ഗ്രാമസഭകൾ, വാർഡ് തല ജനകീയ സമിതികൾ, പാവ നാടക തീയേറ്റർ രൂപീകരണം, ജനകീയ ശുചീകരണ യജ്ഞം തുടങ്ങി മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സൗകര്യമുള്ള MCF സംവിധാനം ഏർപ്പെടുത്തി. എല്ലാ വാർഡുകളിലും മിനി MCFകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അങ്ങാടികൾ പ്രഖ്യാപനം നടത്തി. ഹരിതകർമ്മ സേന അംഗങ്ങളെ 36 എണ്ണമായി വർദ്ധിപ്പിച്ചു. ഓരോരുത്തർക്കും പ്രതിമാസം 10,000/-ൽ അധികം വേതനം ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തി. സ്വന്തമായി രണ്ട് വാഹനങ്ങൾ വാങ്ങിച്ചു. ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചു. ഫീൽഡ് വിസിറ്റിങ്ങിനും എൻഫോഴ്സ്മെന്റിനും വാഹനം വാടകയ്ക്ക് എടുത്തു. ബെയ്.ലിംഗ് മെഷീൻ വാങ്ങിച്ചു.

          ഹരിതകർമ്മ സേന വാഹനം വാടക 3 ലക്ഷം, ഇന്ധനം 15 ലക്ഷം, സാധനങ്ങൾ വാങ്ങൽ 1.2 ലക്ഷം, എം.സി.എഫ് വാടക 4.8 ലക്ഷം, ഹെൽത്ത് ഇൻസ്പെക്ടറുടെ വേതനം 2.5 ലക്ഷം വകയിരുത്തി. മാലിന്യ മുക്ത സന്ദേശ ബോർഡുകൾ 1 ലക്ഷം,  വീടുകൾക്ക് ഓർഗാനിക് വേസ്റ്റ് ബിൻ 1.5 ലക്ഷം, മാലിന്യ സംസ്കരണം ക്ലീൻ ചേലേമ്പ്ര 16.45ലക്ഷം നീക്കിവെച്ചു. ആശ്രയ അതിദരിദ്രർക്കുള്ള  യൂസർ ഫീ നൽകൽ 1.7 ലക്ഷം.

 

ജലസ്രോതസ്സുകൾ നവീകരണം: പോയ വർഷങ്ങളിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 6 കുളങ്ങൾ നവീകരിച്ചു. കുളങ്ങൾ നവീകരണത്തിനായി 10 ലക്ഷം വകയിരുത്തി.

 

വിദ്യാഭ്യാസം -യുവജനക്ഷേമം –കലാകായികം - സാംസ്കാരികം :വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ചു നടപ്പാക്കിയ നൂതന പദ്ധതിയായ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടപ്പാക്കിയ കായിക സാക്ഷരത പദ്ധതി വൻ വിജയമായിരുന്നു. എല്ലാ സ്കൂളുകൾക്കും സ്പോട്സ് ഉപകരണങ്ങൾ വാങ്ങിച്ച് നൽകാനും മൂന്ന് കായിക അധ്യാപകരുടെ സേവനം ലഭ്യമാക്കാനും സാധിച്ചു. എന്നാൽ ഓഡിറ്റ് തടസ്സം വന്നതിനാൽ പ്രസ്തുത പദ്ധതി തുടരാൻ കഴിഞ്ഞില്ല. ഈ വർഷവും ഈ പദ്ധതി തുടങ്ങാൻ പറ്റുമോ എന്ന് പരിശോധിക്കും. തുല്യത പരീക്ഷ 1.5 ലക്ഷം, SSA വിഹിതം 5 ലക്ഷം, വായനശാലകൾക്ക് പത്രമാസിക 1 ലക്ഷം, നീന്തൽ പരിശാലനം 6.6 ലക്ഷം,  സ്പോർട്സ് കിറ്റ് 75000/-, DRF പ്രവർത്തനങ്ങൾക്ക് 75000/- എന്നിങ്ങനെ നീക്കിവച്ചു.

 

നീന്തൽ പരിശീലനം : പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി തനത് വർഷം നടപ്പാക്കിയ നൂതന പദ്ധതിയായിരുന്നു നീന്തൽ സാക്ഷരത. എല്ലാ സ്കൂളുകളും രക്ഷിതാക്കളും വലിയ സ്വീകാര്യത നൽകിയ ഒന്നായിരുന്നു ഇത്. യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് അവരുടെ ആധുനിക സൗകര്യങ്ങളുള്ള അക്വാറ്റിക് കോംപ്ലക്സിൽ 400 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി. ഈ വർഷവും പ്രസ്തുത പ്രോജക്ട് യുപി തലത്തിലുള്ള കുട്ടികൾക്ക് ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കും. ഇതിനായി 6.6 ലക്ഷം മാറ്റിവെച്ചു.

 

സാമൂഹ്യക്ഷേമം : സമൂഹത്തിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികൾ മുൻകാലത്ത് നടപ്പാക്കിയിട്ടുണ്ട്. വയോസ്വാസ്ഥ്യം-സമഗ്ര ആരോഗ്യ പരിരക്ഷ 2 ലക്ഷം, വയോജന കലോത്സവം 50000/-, ഉല്ലാസയാത്ര 4.5 ലക്ഷം, പകൽ വീട് 2 ലക്ഷം, നൂതന പദ്ധതിയായ സ്മയിൽ പ്ലീസ് ദന്ത ക്രമീകരണം 2 ലക്ഷം, അതി ദരിദ്രർക്ക് ഭവന പുനരുദ്ധാരണം 3.75 ലക്ഷം, വാതിൽപ്പടി സേവനം 50000/-,  അതിദരിദ്രർക്ക് വരുമാനദായക പ്രവർത്തികൾ 1.2 ലക്ഷം, അതിദരിദ്രർക്ക് ഭക്ഷ്യകിറ്റ് മരുന്ന് 4.5 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. സ്മാർട്ട് കിച്ചൻ പദ്ധതിക്ക് 13.5 ലക്ഷം മാറ്റിവെച്ചു. മിശ്ര വിവാഹ ധനസഹായം 5ലക്ഷം, അഗതി രഹിത കേരളം 10 ലക്ഷം,  സാമൂഹ്യ മാധ്യമ അക്കൗണ്ട് തുടങ്ങൽ 2 ലക്ഷം. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ഒട്ടനവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുണ്ട്. ഈ വർഷം ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് നിലയിലെത്തിക്കാൻ ആവശ്യമായ പരിപാടികൾ നടത്താൻ ലക്ഷ്യമിടുന്നു. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 25 ലക്ഷം മാറ്റിവെച്ചു. ഭിന്നശേഷി കലാമേള 75000/-, ഉല്ലാസയാത്ര, പാലിയേറ്റീവ് സംഗമം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് ഫണ്ട് വകയിരുത്തി. ബഡ്സ് സ്കൂൾ പൂർത്തീകരണം തനത് വർഷം തന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.

 

വൈദ്യുതി-തെരുവു വിളക്കുകൾ: സമ്പൂർണ്ണ തെരുവിളക്ക് വ്യാപനം ഈ വർഷത്തോടെ പ്രാവർത്തികമാക്കാനാണ് ഭരണസമിതി ലക്ഷ്യമിടുന്നു. ബഹു.എം.എൽ.എ.അബ്ദുൽ ഹമീദ് മാസ്റ്ററുടെ ശ്രമഫലമായി നമ്മുടെ പഞ്ചായത്തിലെ മിക്ക പൊതു അങ്ങാടികളിലും ക്ഷേത്ര-പള്ളി പരിസരത്തും ഹൈമാസ്റ്റ്-മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. പ്രധാന റോഡുകളായ ഇടിമുഴിക്കൽ-പുലിപ്പറമ്പ്, ഇടിമുഴിക്കൽ-അഗ്രശാല റോഡ് എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ കഴിഞ്ഞു. സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യാൻ മുൻ വർഷത്തെ പോലെ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സ്ട്രീറ്റ് ലൈറ്റ് റിപ്പയർ ചെയ്യൽ 1.5 ലക്ഷം, തെരുവുവിളക്ക് പരിപാലനം 15 ലക്ഷം നീക്കിവെച്ചു. വിവിധ വാർഡുകളിൽ സ്ട്രീറ്റ് മെയിൻ സ്ഥാപിക്കാൻ ഫണ്ട് വകയിരുത്തി.

 

പാശ്ചാത്തല വികസനം : ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത് എന്നതിൽ യാതൊരു തർക്കത്തിനും അവകാശമില്ല. എല്ലാ വാർഡുകളിലെയും പ്രധാനപ്പെട്ട റോഡുകൾ കോൺക്രീറ്റോ-ടാറോ ചെയ്തിട്ടുണ്ട്. ജൽജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവർത്തി നടത്തിയതോടെ എല്ലാം നല്ല റോഡുകളും തകർന്ന അവസ്ഥയിലാണ്. ഇതാണ് പഞ്ചായത്ത് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം. ഇവ പൂർവസ്ഥിതിയിലാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ച റോഡുകൾ ഈ വർഷം നന്നാക്കുക എന്നതാണ് ആദ്യപടിയായി ചെയ്യുന്നത്. ജൽജീവൻ മിഷൻ മൂലം ലഭ്യമാക്കുന്ന 10.4 കോടിയും മെയിന്റനൻസ് ഗ്രാൻഡ് ഇനത്തിൽ ലഭിക്കുന്ന ഒരു കോടിയും ഇതിനായി ചെലവഴിക്കും. മഴക്കാലത്തിനു മുൻപ് തന്നെ പരമാവധി പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഭരണസമിതി. ഈ വർഷം റോഡ് പ്രവർത്തിക്കായി 9.46 കോടിയും മെയിന്റനൻസിനായി 16.86 കോടിയും (JJM+CFC+Own Fund) നീക്കി വെക്കുന്നു. വാർഡ് 15ൽ ബസ് കാത്തിരുപ്പ് കേന്ദ്രം, ഓപ്പൺ ഫിറ്റ്നസ്സ് സെന്റർ എന്നിവയ്ക്ക് ഫണ്ട് നീക്കിവെച്ചു.

 

പട്ടികജാതി വികസനം: ചേലേമ്പ്രയിൽ 28 പട്ടികജാതി നഗറുകളാണ് ഉള്ളത്. മിക്ക നഗറുകളിലെയും പ്രധാന പ്രശ്നങ്ങളായ റോഡ് , വൈദ്യുതി , കുടിവെള്ളം ,ഭവന സുരക്ഷ പാർപ്പിടം തുടങ്ങിയവയ്ക്ക് ഏറെകുറെ പരിഹാരം സാധ്യമായിട്ടുണ്ട്. എന്നാൽ ചില നഗറുകളിലെ കുടിവെള്ളം, ഭവന സുരക്ഷ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരങ്ങൾ കാണേണ്ടതുണ്ട്. ചീനാടം നഗർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പരിപാടികൾ നടന്നുവരുന്നു. ചോലയിൽ പുറായി, നീലിത്തൊടി നഗറുകളിൽ ഇതേപോലെയുള്ള കോർപ്പസ് ഫണ്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഈ വർഷം പട്ടികജാതി വിഭാഗങ്ങളിലെ മുഴുവൻ കുടുംബങ്ങളുടെയും ലൈഫ് ഭവന പദ്ധതിയിലുള്ള വീടുകളുടെ പൂർത്തീകരണത്തിനായി 40 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. കേലയിൽ പുറായി, ചേനാട്ടിൽ, ചേനമല, കാരങ്ങോട്ട്, കൊയിലോട്ട് നഗറുകളിൽ ഭവന സുരക്ഷയും സമഗ്ര വികസന പരിപാടികളും നടന്നു കഴിഞ്ഞു. ബാക്കി വരുന്ന നഗറുകളിലെ വികസന പദ്ധതികൾക്കായി ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്. പട്ടികജാതി നഗറുകളിലെ ഏറെക്കുറെ വീടുകളും റിപ്പയർ ചെയ്യ്തു കഴിഞ്ഞു. സർക്കാർ അംഗീകരിച്ച ലൈഫ് ലിസ്റ്റിലെ എല്ലാവരും എഗ്രിമെന്റ് വെച്ച് വീടുപണി പൂർത്തീകരിച്ചു വരികയാണ്.

           പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്, സ്കോളർഷിപ്പ്, പെൺകുട്ടികൾക്ക് വിവാഹ ധനസഹായം എന്നിവയ്ക്ക് 32 ലക്ഷം നീക്കിവെച്ചു.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്

          തൊഴിലുറപ്പ് പദ്ധതിയിൽ  ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് നാളിതുവരെയുള്ള പ്രവർത്തനത്തിൽ വൻ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. പാവപ്പെട്ട കുടുംബങ്ങൾ നിത്യജീവിതത്തിൽ ഏക ആശ്രയമായി കാണുന്ന വരുമാനം മാർഗമാണ് ഈ പദ്ധതി. കൂടുതലും സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുത്ത് വരുന്നത്. ആയിരത്തോളം കുടുംബങ്ങൾ ഇപ്പോൾ സജീവമായി ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. പുരുഷന്മാരും ഇപ്പോൾ തൊഴിലെടുക്കാൻ മുന്നോട്ടുവരുന്നുണ്ട്. 2024-25 വർഷത്തിൽ ഇതുവരെ 635 കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ നൽകി. 3.97 കോടി ചെലവഴിച്ചു കഴിഞ്ഞു. 1005 തൊഴിലാളികൾക്ക് 80128 തൊഴിൽ ദിനങ്ങൾ നൽകി. മൊത്തം പ്രകടനത്തിൽ കൊണ്ടോട്ടി ബ്ലോക്കിൽ ഒന്നാമതാണ്. തനത് വർഷം നാലു കോടി ചെലവഴിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. കൂടാതെ താഴെ പറയുന്ന 268 പ്രവർത്തികൾ ഏറ്റെടുത്തു നടപ്പാക്കുകയുണ്ടായി.

വീട് - ലൈഫ്

66

തോട്

14

കിണർ

8

കമ്പോസ്റ്റ്

11

സോക്ക്പിറ്റ്

24

കുളം

1

ജലസംരക്ഷണ പ്രവൃത്തികൾ

90

വൃക്ഷത്തൈ നടീൽ

12

ആട്ടിൽ കൂട് നിർമ്മാണം

3

തൊഴുത്ത് നിർമ്മാണം

4

കോഴിക്കൂട്

11

കിണർ റീചാർജ്ജ്

18

അസോള ടാങ്ക്

1

റോഡ്

3

തീറ്റപ്പുൽ കൃഷി

1

നഴ്സറി

1

 

          2025 26 വർഷത്തിൽ ആയിരം കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ നൽകാനുള്ള പദ്ധതിയിലാണ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുള്ളത്. 6.96 കോടിയും 9020 തൊഴിൽ ദിനങ്ങളും, കുളം, തടയണ, തോട്, കിണർ, അമൃത സരോവർ, കമ്പോസ്റ്റ് സോക്ക്പിറ്റ്, മിനി എംസിഎഫ്, മണ്ണ് ജലസംരക്ഷണം, റോഡ്, നടപ്പാത തുടങ്ങി പ്രവർത്തികൾ തുടങ്ങുന്ന വാർഷിക ആക്ഷൻ പ്ലാനാണ് സമർപ്പിച്ചിട്ടുള്ളത്.

          2005ൽ അന്നത്തെ പ്രധാനമന്ത്രിയായ ഡോ.മൻമോഹൻസിംഗ് നേതൃത്വം നൽകിയ യുപിഎ സർക്കാർ രാജ്യത്തിന് സമർപ്പിച്ച ഏറ്റവും നൂതനവും മാതൃകാപരവുമായ തൊഴിൽ ഒരു അവകാശമായി പ്രഖ്യാപിച്ച പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നമ്മുടെ പഞ്ചായത്തിന്റെ കാർഷിക മേഖലയിലെ വികസനത്തിനും മണ്ണ് ജലസംരക്ഷണത്തിനും വരുമാന ലഭ്യതയിലൂടെ  കുടുംബത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കാനും ഈ പദ്ധതിക്ക് സാധിച്ചു എന്നതിൽ തർക്കമില്ല. ഇതിലൂടെ കൂടുതൽ കുടുംബങ്ങൾക്ക് 100 ദിനം തൊഴിൽ നൽകി കൂടുതൽ ഫണ്ട് ചെലവഴിക്കാൻ സാധിക്കുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം.

കർമ്മശ്രീ പുരസ്കാരം

          പഞ്ചായത്തിന്റെ തനത് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകണമെങ്കിൽ പഞ്ചായത്തിന് കിട്ടേണ്ട വസ്തുനികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീ എന്നിവ സമയബന്ധിതമായി പിരിച്ചെടുക്കാൻ സാധിക്കണം. നികുതി പരിഷ്കരണത്തിലൂടെ പഞ്ചായത്തിന്റെ വരുമാനത്തിൽ വലിയ മെച്ചം ഉണ്ടാകുമെന്നാണ് നാം പ്രതീക്ഷിച്ചത്. ആദ്യഘട്ടത്തിൽ പെർമിറ്റ് ഇനത്തിൽ വലിയൊരു സംഖ്യ നമുക്ക് കിട്ടിയിരുന്നെങ്കിലും പിന്നീട് സർക്കാർ ഇത് തിരിച്ചു നൽകാൻ പറഞ്ഞതിനാൽ 60 ലക്ഷം (മുൻപ് കൊടുത്ത 25ലക്ഷം ഒഴികെ) രൂപ തിരിച്ചു കൊടുക്കേണ്ടതുണ്ട്. വസ്തു നികുതി പിരിച്ചെടുക്കുന്നതിൽ വാർഡ് ക്ലർക്കുമാർക്കൊപ്പം എല്ലാ ജനപ്രതിനിധികളും വലിയ ശ്രമമാണ് നടത്തിവരുന്നത്. 100% നികുതി പിരിച്ചെടുക്കുന്ന വാർഡുകളിലെ ക്ലർക്കുമാർക്കും മെമ്പർമാർക്കും കർമ്മശ്രീ പുരസ്കാരവും, മെമ്പർമാർക്ക് വാർഡിൽ അവർ നിർദ്ദേശിക്കുന്ന പ്രവർത്തികൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ ഫണ്ടും നൽകുന്നതാണ്. മുൻ വർഷങ്ങളിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പ്രത്യേക താല്പര്യം പ്രകാരം നമ്മൾ നടപ്പാക്കിയ ഒരു പരിപാടിയായിരുന്നു ഇത്. 2024-25 വർഷത്തിൽ 2, 6 ,12 വാർഡുകളാണ് ഈ നേട്ടം കൈവരിച്ച വാർഡുകൾ. പ്രസ്തുത വാർഡ് മെമ്പറെയും ക്ലർക്കുമാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു. അവർക്ക് മുൻപ് പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് പ്രത്യോക ഫണ്ടു പുരസ്ക്കാരവും നൽകാൻ സാധിച്ചു.

ഉപസംഹാരം

          2020 ൽ അധികാരം ഏറ്റെടുത്ത ഈ ഭരണസമിതിയുടെ അഞ്ചാം വാർഷിക പദ്ധതി അവസാനിക്കുന്ന ഈ സമയത്ത്  ഇതുവരെ 5 ബഡ്ജറ്റുകൾ തയ്യാറാക്കി സമർപ്പിക്കാൻ സാധിച്ചു എന്നതിൽ ഏറെ കൃതാർത്ഥനാണ്. “നാടിനു വന്ന മാറ്റം നന്മയാർന്ന മുന്നേറ്റം” എന്ന് അഞ്ചാം വാർഷികത്തിന് ക്യാപ്ഷൻ നൽകിയത് വെറുതെയല്ല. നമ്മുടെ കൂട്ടായ പ്രയത്നങ്ങൾ മൂലം നാടിനു വലിയ മാറ്റങ്ങൾ വരുത്താൻ പരിമിത അധികാരവും ഫണ്ടും ഉപയോഗിച്ച് നമുക്ക് സാധിച്ചിട്ടുണ്ട് എന്ന വിശ്വാസമാണുള്ളത്. കിട്ടിയ ഫണ്ട് 100% ചില വർഷങ്ങളിൽ ചെലവഴിക്കാനും സാധിച്ചു. എല്ലാ വാർഡുകൾക്കും തുല്യനീതി പുലർത്താൻ കഴിയുന്ന വിധത്തിൽ ഫണ്ടുകൾ നമുക്ക് ലഭിച്ചിരുന്നില്ല. എല്ലാ മെമ്പർമാരും വാർഡിന്റെ  പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് ഭരണസമിതി യോഗങ്ങളിൽ പ്രതികരിച്ചിട്ടുള്ളതും വികസന പരിപാടികൾ നടപ്പാക്കിയിട്ടുള്ളതും. ഈ ഭരണസമിതിയുടെ കാലയളവിൽ ചേലേമ്പ്ര ഗ്രാമപഞ്ചായ ത്തിൽ വിവിധ മേഖലകളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുള്ള വികസന പദ്ധതികളിൽ ബഹു.എം.എൽ.എ. പി.അബ്ദുൽഹമീദ് മാസ്റ്റർ, ബഹു.എം.പി മാരായ ഡോ. അബ്ദുൽ സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ വലിയ പങ്ക് പ്രത്യേകം ഓർമിക്കുകയാണ്.

          പദ്ധതി പ്രവർത്തനങ്ങളും വികസന പരിപാടികളും മാത്രമെ ബഡ്ജറ്റ് പ്രസംഗത്തിൽ വിശദമാക്കാൻ ശ്രമിച്ചിട്ടുള്ളൂ. പഞ്ചായത്തിന്റെ മറ്റു ദൈനംദിന പ്രവർത്തന ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി ബഡ്ജറ്റ് ഡോക്യുമെന്റിൽ പ്രദിപാദിച്ചിട്ടുണ്ട്.

          ഈ ബഡ്ജറ്റ് തയ്യാറാക്കാൻ സഹായിച്ചിട്ടുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി ,അക്കൗണ്ടന്റ്, പ്ലാൻ ക്ലർക്ക്, മറ്റു നിർവഹണ ഉദ്യോഗസ്ഥന്മാർ തുടങ്ങിയ എല്ലാവരോടും ഉള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.

"നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും ഒരു പോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാണ് എന്നു പറയുന്നത്." 

          എന്ന ഗാന്ധി വചനം സൂചിപ്പിച്ചുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾക്കും അംഗീകാരത്തിനുമായി    484680927/-കോടി രൂപ വരവും 476354500/-കോടി രൂപ ചെലവും 8376427/-ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 വർഷത്തെ ഭരണസമിതിയുടെ അവസാനത്തെ  കരട് ബഡ്ജറ്റ് നിങ്ങളുടെ അംഗീക്കാരത്തിനായി ഇവിടെ സമർപ്പിക്കുന്നു.

  • ബഡ് ജറ്റ് 2025-26